May 27, 2008

വേണം എനിക്കൊരു ലാപ്‌ടോപ്പ്‌



പുതിയ കാലത്തെ നേരിടാന്‍ ആധുനിക പൗരന്‌ ഏറ്റവും ഇണങ്ങുന്ന ആയുധമായി മാറിയിരിക്കുന്നു ലാപ്‌ടോപ്പുകള്‍. എന്തിനും എതിനും എതു സമയത്തും ലോകം വിരല്‍തുമ്പിലുണ്ടാകും എന്ന ഉറപ്പാണ്‌ ലാപ്‌ ടോപ്പുകള്‍ സമ്മാനിച്ചിരിക്കുന്നത്‌.

വിവരസാങ്കേതിക വിദ്യയുടെ ഏറ്റവും ഇണങ്ങുന്ന സൗഹൃദഭാവമാണ്‌ ലാപ്‌ടോപ്പുകളെന്ന്‌ കാലം വിലയിരുത്തി കഴിഞ്ഞെന്ന്‌ പോയകാലത്തെ വിപണയില്‍ നിന്നുളള കണക്കുകളും സൂചിപ്പിക്കുന്നു. ഇന്ത്യയില്‍ കമ്പ്യൂട്ടര്‍ വില്‌പനയില്‍ ലാപ്‌ടോപ്പുകള്‍ വന്‍ കുതിച്ചു കയറ്റം നടത്തുകയാണ്‌.

ഹോം കമ്പ്യൂട്ടറുകളേക്കാള്‍ ഇരട്ടിയിലധികം ലാപ്‌ടോപ്പുകളാണ്‌ പോയ വര്‍ഷം ഇന്ത്യയില്‍ വിറ്റഴിക്കപ്പെട്ടത്‌. ലാപ്‌ടോപ്പുകളുടെ വില്‌പനയില്‍ 59 ശതമാനം വര്‍ദ്ധനവാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌.

എന്നാല്‍ ഹോം കമ്പ്യൂട്ടറുകളുടെ വിപണിയില്‍ മൂന്ന്‌ ശതമാനം വര്‍ദ്ധനവ്‌ മാത്രമാണ്‌ ഉണ്ടായത്‌ എന്ന്‌ അസോസിയേഷന്‍ ഓഫ്‌ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വ്യക്തമാക്കുന്നു.

‘വീട്ടില്‍ ഒരു കമ്പ്യൂട്ടര്‍ വേണം’ എന്നതായിരുന്നു ആധുനിക ഭാരതീയന്‍റെ ആദ്യകാല സ്വപ്‌നമെങ്കില്‍ ‘എനിക്കൊരു ലാപ്‌ടോപ്പ്‌’ എന്ന നിലയിലേക്ക്‌ കാര്യങ്ങള്‍ മാറി മറിഞ്ഞിരിക്കുന്നു. കൂടുതല്‍ വ്യക്തിപരമായ വിവരവിനിമയ സാധ്യത തുറന്നു എന്നത്‌ മാത്രമല്ല. യാത്രകളിലും ഒപ്പം കൊണ്ടു പോകാനുള്ള സാധ്യതയാണ്‌ ‘ചെറുത്‌ മനോഹരം’ എന്ന മാനസിക അവസ്ഥ സൃഷ്ടിച്ചത്‌.

വിവരവിനിമയ കാലഘട്ടത്തിന്‍റെ വിളവെടുപ്പ്‌ നടത്താന്‍ തയ്യാറെടുക്കുന്നവര്‍ ഇന്ത്യയില്‍ ദിനംപ്രതിയെന്നോണം വര്‍ദ്ധിച്ചു വരികയാണ്‌.പോയവര്‍ഷം ഏപ്രിലിനും സെപ്‌തംബറിനും ഇടയില്‍ 32.8 ലക്ഷം കമ്പ്യൂട്ടറുകളാണ്‌ വിറ്റഴിക്കപ്പെട്ടത്‌.

ലാപ്‌ ടോപ്പുകളുടെ വിലയിലും കുറവുണ്ടാകുന്നുണ്ട്‌.പതിനാലായിരം രൂപയുടെ ലാപ്‌ടോപ്പുകള്‍ വരെ ഇപ്പോള്‍ ഇന്ത്യന്‍ വിപണിയിലുണ്ട്‌. എച്ച്‌ സി എല്‍ ഇന്‍ഫോസിസ്‌റ്റംസ്‌ ആണ്‌ കുറഞ്ഞ വിലക്കുള്ള ലാപ്‌ടോപ്പ്‌ അവതരിപ്പിച്ചിരിക്കുന്നത്‌.

No comments:

Post a Comment