Feb 13, 2008

ഇ - പ്രണയം

ഇ - പ്രണയകാലത്ത്
പ്രണയിനിയോട് എങ്ങിനെ ഹൃദയം തുറക്കുമെന്നറിയാതെ ആകുലപ്പെട്ടിരുന്ന ഒരു ഭൂതകാലം നമുക്കുണ്ടായിരുന്നു. ഇന്ന് എല്ലാം ഇന്‍സ്റ്റന്‍റാണ്. ഐ ടിയുഗത്തില്‍ പ്രണയം പറയാനായി പ്രണയിതാക്കള്‍ക്കു മുന്നില്‍ ആയിരമായിരം വഴികളുണ്ട്.രാത്രി ഉറക്കിളച്ചിരുന്ന് പ്രണയലേഖനം എഴുതി മറ്റാരും കാണാതെ പുസ്തകത്താളുകള്‍ക്കിടയില്‍ ഒളിപ്പിച്ച് പ്രണയിനിയ്ക്ക് കൈമാറി കഴിയുമ്പോഴുണ്ടാകുന്ന നിര്‍വൃതി ഇ - പ്രണയത്തിനില്ലെങ്കിലും ഇന്‍റര്‍നെറ്റില്‍ പ്രണയം പൂത്തുലയുക തന്നെയാണ്.എസ്‌എംഎസ്‌ ഉണ്ടെങ്കിലും പ്രണയദിനത്തില്‍ ഇ - സന്ദേശങ്ങളോട് തന്നെയാണ് കൌമാരത്തിന് പ്രണയം. മനസ്സിലുള്ള കാര്യം വെളിപ്പെടുത്താന്‍ ഇ - കാര്‍ഡു പോലൊരു ഹംസമില്ലെന്ന കാര്യത്തില്‍ കമിതാക്കള്‍ക്ക് രണ്ടുപക്ഷമില്ല. കാമുകനോടോ കാമുകിയോടോ ഹൃദയം തുറന്നുകാട്ടാം. പാട്ടായോ സംഭാഷണമായൊ കവിതയായോ പ്രസംഗമായോ എങ്ങനെയുമാകാമെന്നതാണ് ഇ - കാര്‍ഡുകളുടെ സവിശേഷത.പ്രിയതമന്‍‌മാരുടെയും പ്രിയതമകളുടെയും കോടിക്കണക്കിന് പ്രണയ സന്ദേശങ്ങളാണ് പ്രണയദിനത്തില്‍ ഇ - മെയിലുകളായി പറക്കുന്നത്. ഇ - പ്രണയത്തിന്‍റെ ഇക്കാലത്ത് പ്രണയം തളിര്‍ക്കാന്‍ പ്രത്യേക കാരണമൊന്നും വേണ്ട. എന്തിന് ഒന്നു കാണുക പോലും. ആദ്യം ചാറ്റിങ്ങിലൂടെ പരസ്പരം ഹൃദയം കൈമാറുന്നു. പിന്നെ കാതങ്ങള്‍ക്കകലെയുള്ള പ്രിയതമന്‍റെയോ പ്രിയതമയുടെയോ മെയില്‍ ബോക്സിലേക്ക് ഇ - മെയിലുകളുടെയും ഇ - കാര്‍ഡുകളുടെയും നിലയ്ക്കാത്ത പ്രവാഹമായിരിക്കും.പരമ്പരാഗത പ്രണയത്തിന്‍റെ അളവുകോലുകള്‍ കൊണ്ട് അളക്കാനാവാത്തതാണ് ഇ - പ്രണയം. പ്രണയത്തിന്‍റെ കാല്‍പനികതയ്ക്ക് ഇവിടെ പ്രസക്തിയില്ല. പല പ്രണയങ്ങളും വലയില്‍ തുടങ്ങി വലയില്‍ കുരുങ്ങി അവസാനിക്കുകയും ചെയ്യുന്നു. വൈകാരികവും ക്രിയാത്മകവുമായി നമ്മെ തിരിച്ചറിയുന്ന ആരോ ഒരാള്‍ എന്ന ബന്ധത്തിനപ്പുറം പലരും ഇതിനെ കാണുന്നില്ല. പരസ്പരം അറിയുമ്പോള്‍ ലഭിയ്ക്കുന്ന ചില പിന്തുണകള്‍, ആശ്വാസവചനങ്ങള്‍, അനുമോദനങ്ങള്‍. അത്രയേ പ്രതീക്ഷിക്കുന്നുള്ളു ഇ - പ്രണയിതാക്കള്‍. എങ്കിലും ഈ പ്രണയ ദിനത്തില്‍ ഇന്‍റര്‍നെറ്റിനെ പ്രണയത്തിന്‍റെ പൂങ്കാവനമാക്കി മാറ്റുകയാണ് പ്രണയിനികള്‍.

3 comments:

  1. ജസീറേ, ടെന്‍ഷനടിക്കാതിരി, നമ്മക്ക് ശരിയാക്കാം. :)

    ReplyDelete
  2. വര്‍ത്തമാന കാലത്തിന്റെ പ്രണയ പരിസരങ്ങളെ വിശകലനം ചെയ്യുന്ന വാക്കുകള്‍ നന്നായിരിക്കുന്നു, കണ്ണുകള്‍ തുറന്നിരിക്കട്ടെ അകത്തും പുറത്തും.

    ReplyDelete
  3. ഇനിയും പറഞ്ഞുതീര്‍ന്നിട്ടില്ലാത്ത,
    ഇനിയും നിര്‍വചിക്കാനാവാത്ത,
    എത്ര നിര്‍വചിച്ചാലും പൂര്‍ണ്ണമാകാത്ത
    ഒന്നത്രെ പ്രണയം.

    നാലാള്‍ കാണ്‍കെ കൊട്ടിഘോഷിച്ചിട്ടൊ ചാനലുകളിലേക്ക് സന്ദേശങ്ങളയച്ചൊ അല്ല,
    ഉള്ളിലുള്ള ഇഷ്ടത്തെ പ്രകടിപ്പിക്കേണ്ടത്.

    മനസ്സ് മനസ്സിനോട് സംവദിക്കേണ്ടത്
    അഗാധമായ ഹൃദയ ബന്ധങ്ങളിലൂടെയാവണം.

    പ്രണയത്തെ ദിനമാക്കിയും ആഘോഷമാക്കിയും
    നമ്മുടെ നാട്ടില്‍ തായലന്റ് മോഡല്‍ വ്യവസായത്തിന്
    മണ്ണൊരുക്കുകയാണ് കമ്പോളമുതലാളിത്തം.
    കടല്‍ കടന്നെത്തിയ കാര്‍ഡുമുതലാളിയുടെ
    കച്ചവടതന്ത്രത്തെ കരുതിയിരിക്കുക.

    --മിന്നാമിനുങ്ങ്

    ReplyDelete