Feb 23, 2011

വൈ-ഫൈയുടെ നിങ്ങളറിയാത്ത ഉപയോഗങ്ങള്‍



വൈ-ഫൈയുടെ നിങ്ങളറിയാത്ത ഉപയോഗങ്ങള്‍
വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓഫീസുകളിലും എന്തിന്‌ വീടുകളില്‍ പോലും സാധാരണമായിരിക്കുകയാണ്‌ ഇപ്പോള്‍ വൈ ഫൈ. കേബിളുകളുടെയോ മറ്റോ സഹായമില്ലാതെ എവിടെയിരുന്നും ഇന്റര്‍നെറ്റ്‌ ലഭിക്കുമെന്നത്‌ മാത്രമല്ല, ഇതിന്റെ പ്രത്യേകത. നിങ്ങളറിയാത്ത അനേകം അല്‍ഭുതങ്ങള്‍ ഇതില്‍ ഒളിഞ്ഞിരുപ്പുണ്ട്‌.
ചില ആപ്ലിക്കേഷനുകളിലൂടെ നിങ്ങള്‍ക്കും അവ ഉപയോഗിക്കാം.

നിങ്ങളുടെ ഡിജിറ്റല്‍ എസ്‌.എല്‍.ആര്‍ കാമറ നിയന്ത്രിക്കാം: വീട്ടിലെ വേറേതെങ്കിലും മുറിയിലിരുന്നുകൊണ്ട്‌ ഡിജിറ്റല്‍ കാമറയെ നിയന്ത്രിക്കാനും ഫോട്ടോ എടുക്കുവാനുമുള്ള സൗകര്യമാണിത്‌. നിങ്ങളുടെ ഐഫോണ്‍/ഐപാഡ്‌ ടച്ചില്‍ പ്രത്യേക സോഫ്‌റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്‌താണിത്‌ സാധ്യമാക്കുന്നത്‌. OnOne എന്ന സോഫ്‌റ്റ്‌വെയറിന്റെ പ്രോ എന്ന വകഭേദത്തിന്‌ 19.99 ഡോളറാണ്‌ വില. ലൈറ്റ്‌ എന്ന വേര്‍ഷന്‌ ഇതിലും വില കുറവാണ്‌. ഐഫോണും കംപ്യൂട്ടറും ഒരേ വൈ-ഫൈ നെറ്റ്‌വര്‍ക്കിലാണെങ്കില്‍ എന്താണോ ഡിജിറ്റല്‍
എസ്‌.എല്‍.ആര്‍ കാമറ കാണുന്നത്‌, അത്‌ നിങ്ങള്‍ക്ക്‌ കാണാനാകും.

ഡിജിറ്റല്‍ കാമറയില്‍ നിന്ന്‌ ഫോട്ടോകള്‍ കംപ്യൂട്ടറിലേക്ക്‌ ട്രാന്‍സ്‌ഫര്‍ ചെയ്യാം: നിങ്ങളെടുക്കുന്ന ഫോട്ടോകളെല്ലാം അപ്പപ്പോള്‍ കംപ്യൂട്ടറിലേക്ക്‌ നേരിട്ട്‌ പോയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു അല്ലേ? Eye-Fi എന്ന പ്രത്യേക വയര്‍ലസ്‌ എസ്‌.ഡി കാര്‍ഡ്‌ ഇതിന്‌ സഹായിക്കും. വൈ-ഫൈ അഡാപ്‌റ്റര്‍ അടങ്ങിയ Eye-Fi വഴി യൂട്യൂബ്‌, ഫ്‌ളിക്കര്‍, ഫോട്ടോബക്കറ്റ്‌ എന്നിവയിലേക്കെല്ലാം ഫോട്ടോ നേരിട്ട്‌ അപ്‌ലോഡ്‌ ചെയ്യാം. 4 ജി.ബി Eye-Fi എസ്‌.ഡി കാര്‍ഡിന്റെ വില ഏകദേശം 3800 രൂപയാണ്‌. പ്രമുഖ കമ്പനികളുടെ ഒട്ടുമിക്ക കാമറകളിലെല്ലാം തന്നെ ഈ എസ്‌.ഡി കാര്‍ഡ്‌ പ്രവര്‍ത്തിക്കുമെങ്കിലും www.eye.fi എന്ന വെബ്‌സൈറ്റ്‌ സന്ദര്‍ശിച്ച്‌ വിശദാംശങ്ങള്‍ മനസിലാക്കിയ ശേഷം മാത്രം വാങ്ങുക.

എവിടെയിരുന്നും വീട്‌ നിരീക്ഷിക്കാം:
 റോവിയോ എന്ന കളിപ്പാട്ടം പോലെയുള്ള ഉപകരണത്തിന്റെ സഹായത്തോടെയാണിത്‌ സാധ്യമാക്കുന്നത്‌. കൊച്ചുറോവിയോ വീടിനു ചുറ്റുമോ വീടിനകത്തോ ഒക്കെ ഓടിനടന്ന്‌ ചുറ്റുമുള്ളതെല്ലാം അതിലുള്ള കാമറയിലൂടെ നമുക്ക്‌ അപ്പപ്പോള്‍ കാണിച്ചുതരും. ഇതിന്‌ വീട്ടിലെ വൈ-ഫൈ പ്രവര്‍ത്തനനിരതമായിരിക്കണം. റോവിയോയുടെ ദിശ നമുക്ക്‌ നിയന്ത്രിക്കാം. വീട്ടില്‍ ആരെങ്കിലും ഉണ്ടെങ്കില്‍ നമുക്ക്‌ അവരെ കാണാം, സംസാരിക്കാം. ഇതില്‍ സ്‌പീക്കറും മൈക്കുമുണ്ട്‌. 8955 രൂപയാണ്‌ ഇതിന്റെ ഏകദേശവില. thinkgeek.comല്‍ നിന്ന്‌ ഇത്‌ വാങ്ങാനാകും.

നിങ്ങളുടെ വെബ്‌കാമറകളെ സര്‍വീലിയന്‍സ്‌ കാമറകളാക്കാം:
 icam എന്ന ആപ്ലിക്കേഷനിലൂടെ ഐ ഫോണ്‍/ഐപാഡ്‌/ഐപോഡ്‌ തുടങ്ങിയവ വഴി വിദൂരത്തിരുന്ന്‌ നിങ്ങളുടെ വീട്‌ നിരീക്ഷിക്കാം. ഈ ആപ്ലിക്കേഷന്‌ 4.99 ഡോളറാണ്‌ ഏകദേശ വില. ഇതിനായി സൗജന്യ ഐക്യാം സോഴ്‌സ്‌ സോഫ്‌റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്‌ത ശേഷം മുമ്പ്‌ സൂചിപ്പിച്ച ആപ്ലിക്കേഷന്‍ കോണ്‍ഫിഗര്‍ ചെയ്യുക. 12 കാമറകള്‍ വരെ ഇതില്‍ കോണ്‍ഫിഗര്‍ ചെയ്യാം. ഇതിലെ നാല്‌ കാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ നിങ്ങള്‍ക്ക്‌ കിട്ടിക്കൊണ്ടിരിക്കും. എന്തെങ്കിലും തരത്തിലുള്ള ചലനം ഉണ്ടായാല്‍ ഈ ആപ്ലിക്കേഷന്‍ നിങ്ങളെ അറിയിക്കുകയും ചെയ്യും. 
dhanam