Aug 30, 2008

ഗൂഗിള്‍ എര്‍ത്തില്‍ ഇനി വാര്‍ത്തയും


ഗൂഗിള്‍ എര്‍ത്തില്‍ ഇനി ഭൂപടം കാണുന്നതിനൊപ്പം നിങ്ങളെ തെരഞ്ഞെടുക്കുന്ന സ്ഥലങ്ങളിലെ പ്രധാന വാര്‍ത്തകലും ലഭ്യമാകും. ഗൂഗിള്‍ എര്‍ത്തില്‍ എര്‍പ്പെടുത്തിയിരിക്കുന്ന ഗൂഗിള്‍ ന്യൂസ് ലെയര്‍ സംവിധാനത്തിലൂടെയാണ് നിങ്ങള്‍ തിരയുന്ന സ്ഥലത്തെ വാര്‍ത്ത കൂടി ലഭ്യമാകുന്നത്.ഓരോ സ്ഥലവും സൂം ചെയ്യുന്നതിനനുസരിച്ച് അതാത് സ്ഥലത്തെ പ്രാദേശിക ദേശീയ വാര്‍ത്തകളുടെ സംക്ഷിപ്ത രൂപങ്ങള്‍ ലഭ്യമാകും. കൂടുതല്‍ സൂം ചെയ്യുന്നതിനനുസരിച്ച് കൂടുതല്‍ പ്രാ‍ദേശിക വാര്‍ത്തകള്‍ ലഭിക്കും.ആഗോള താപനം മുതല്‍ സ്കൂള്‍ വാര്‍ത്തകള്‍ വരെ ഇത്തരത്തില്‍ ലഭ്യമാകുമെന്നാണ് ഇതു സംബന്ധിച്ച ഒരു ബ്ലോഗ് പോസ്റ്റ് പറയുന്നത്.ഓരോ സ്ഥലത്തെയും പ്രധാനവാര്‍ത്തകള്‍ 4500ഓളം വാര്‍ത്ത ഉറവിടങ്ങളില്‍ നിന്ന് യഥാസമയം പരിഷ്കരിക്കുനതിനാല്‍ എറ്റവും പുതിയ വാര്‍ത്തകള്‍ തന്നെ ഉപയോക്താവിന് ലഭ്യമാകുമെന്ന് ഉറപ്പു വരുത്തുന്നതായി ഗൂഗിള്‍ എര്‍ത്ത് പ്രൊഡക്ട് മാനേജര്‍ ബ്രാന്‍ഡണ്‍ ബാഡ്ജര്‍ പറഞ്ഞു.പുതിയ സംവിധാനത്തില്‍ ഉപയോക്താക്കള്‍ക്ക് മതിപ്പുണ്ടെങ്കില്‍ ഇത് കൂടുതല്‍ വ്യാപകമാക്കുമെന്നും ബാഡ്ജര്‍ പറഞ്ഞു.ഗൂഗിള്‍ എര്‍ത്തിന്‍റെ ഇടതുവശത്തുളള ലെയേഴ്സ് മെനുവിലുളള ഗാലറി മെനുവില്‍ നിന്ന് ഗൂഗിള്‍ ന്യൂസ് ലെയര്‍ തെരഞ്ഞെടുക്കാം. ഇനി ഗൂഗിള്‍ ന്യൂസ് ലെയര്‍ എടുത്ത് നിങ്ങള്‍ക്കാവശ്യമുളള സ്ഥലങ്ങള്‍ സൂം ചെയ്യാന്‍ തുടങ്ങാം. ഭൂപടത്തില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്ന ഇടങ്ങളിലെല്ലാം ഒരു ഗൂഗിള്‍ ന്യൂസ് ഐക്കണ്‍ ഉണ്ടായിരിക്കും. ഈ ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ ആ സ്ഥലത്തെ വാര്‍ത്താശകലം ലഭിക്കും. ലിങ്കില്‍ ക്ലിക്ക് ചെയ്യുകയാണെങ്കില്‍ വിശദമായ വാര്‍ത്തയും ലഭിക്കും.

Aug 25, 2008

യാഹൂ ഭൂപടം: ഇനി പ്രാ‍ദേശിക ഭാഷകളിലും


യാഹു ഭൂപടങ്ങള്‍ ഇനി മലയാളമുള്‍പ്പെടെ ഒമ്പത് ഇന്ത്യന്‍ പ്രാദേശിക ഭാഷകളില്‍ കൂടി ലഭ്യമാകും. നിലവിലുള്ള http://in.maps.yahoo.com/ വെബ്സൈറ്റിലാണ് പുതിയ സേവനം കുടി ചേര്‍ത്തിരിക്കുന്നത്.

പ്രാദശിക ഭാഷകളില്‍ ലഭ്യമാ‍കുന്നതിനു പുറമെ നഗരത്തിന്‍റെ ഏതു ഭാഗത്തേയ്ക്കും നടന്നു പോകേണ്ട ദിശ, പ്രധാന ലാന്‍ഡ് മാര്‍ക്കുകള്‍, എടി‌എമ്മുകള്‍, പെട്രോള്‍ പമ്പുകള്‍, റസ്റ്റോറന്‍റുകള്‍, ഹോട്ടലുകള്‍ എന്നിവയും ഭൂപടത്തിലൂടെ കണ്ടെത്താനാകും. ഈ മെയില്‍ വഴിയും, എസ് എം എസ് വഴിയും ഈ സേവനം സ്വീകരിക്കാനാവും.

ഇംഗ്ലിഷിനു പുറമെ ഹിന്ദി, തമിഴ്, ഗുജറാത്തി, മറാ‍ഠി, ബംഗാളിം കന്നഡ, തെലുങ്ക്, മലയാളം, പഞ്ചാബി എന്നീ ഭാഷകളിലായിരിക്കും യാഹൂ ഭൂപടം ലഭിയ്ക്കുക.അടുത്തിടെ ഡ്രൈവിങ്ങിന്‍റെ ദിശ നിര്‍ണയിക്കാന്‍ കഴിയുന്ന ഭൂപടങ്ങള്‍ പുറത്തിറക്കിയതിനു പിന്നലെയാണ് ഇപ്പോള്‍ നടത്തത്തിന്‍റെ ദിശ നിര്‍ണയിക്കാന്‍ കഴിയുന ഭൂപടം യാഹു പുറത്തിറക്കിയിരിക്കുന്നത്.

ഒരു എസ് എം എസ് അയച്ചാല്‍ ഈ സേവനം വേണമെങ്കില്‍ നിങ്ങളുടെ മൊബൈലിലും ലഭ്യമാകും. ഏതെങ്കിലും ഒരു പ്രത്യേക സ്ഥലം മാത്രം സൂം ചെയ്ത് കാണാനും ചിത്രങ്ങള്‍ സേവ് ചെയ്ത് പങ്കുവയ്ക്കാനും ഭൂപടത്തില്‍ സൌകര്യമുണ്ട്.

പ്രധാന പട്ടണങ്ങളുടെയെല്ലാം വിശദമായ ഭൂപടം ഇത്തരത്തില്‍ ലഭ്യമാകും. ആദ്യമായി നഗരത്തിലെത്തുന്ന ഒരു വ്യക്തിയ്ക്കു പോലും ഭൂപടം ഉപയോഗിച്ച് എത്തേണ്ട സ്ഥലം കൃത്യമായി നിര്‍ണയിക്കാനകും. യാഹൂ ഉപയോക്തള്‍ക്ക് ഇത്തരത്തില്‍ ഇന്ത്യയിലെ 179 നഗരങ്ങളുടെയും 4767 പട്ടണങ്ങളുടെയും 226,114 ഗ്രാമങ്ങളുടെയും വിശദമായ ഭൂപടം കാണാനാകും.പ്രാദേശിക ഭാഷകളില്‍ കൂടി ലഭ്യമാകുന്നതോടെ യാഹു ഭൂപടം കൂടുതല്‍ ജനകീയമാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.