Dec 8, 2009

ഗൂഗിള്‍ ടോക്ക് വഴി വൈറസ് പരക്കുന്നു



 ഗൂഗിള്‍ ടോക്ക് വഴി വ്യാപകമാകുന്ന വൈറസ് കമ്പ്യൂട്ടറുകള്‍ക്ക് ഭീഷണിയാവുന്നു. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ അറിയാതെ അവരുമായി ഗൂഗിളില്‍ ബന്ധമുള്ളവര്‍ക്ക് പോവുന്ന സന്ദേശങ്ങളാണ് വൈറസ് പരത്തുന്നത്.



താന്‍ ഒരു ഇമേജ് അയക്കുന്നുണ്ടെന്നും അതു നോക്കണമെന്നും പറഞ്ഞാണ് തുടക്കത്തില്‍ സന്ദേശം പോകുന്നത്. ഈ ലിങ്ക് കിട്ടുന്നയാളുടെ ഗൂഗിള്‍ അക്കൌണ്ടും തകരാറാവുകയും കൂടുതല്‍ പേരിലേക്ക് ലിങ്ക് എത്തുകയും ചെയ്യും. ഞാന്‍ ആ വാള്‍പേപ്പര്‍ കണ്ടെന്ന് പറഞ്ഞാണ് രണ്ടാംഘട്ട സന്ദേശം. ഇത് നിങ്ങള്‍ക്കും ഇഷ്ടപ്പെടുമെന്ന് കരുതുന്നതായും പറയുന്നു. ഗൂഗിള്‍ ഉപയോഗിക്കുന്ന വ്യക്തി ടൈപ്പ് ചെയ്ത് അയക്കുന്ന മട്ടിലാണ് അയാളുമായി ബന്ധമുള്ളവര്‍ക്ക് അയാളറിയാതെ സന്ദേശം ലഭിക്കുന്നത്. ഇതിനുപുറമെ ഞാന്‍ ആ ഫോട്ടോ കണ്ടു, ഈ ഫോട്ടോ എനിക്ക് ഫേസ് ബുക്കില്‍നിന്ന് ലഭിച്ചതാണ്, ഈ വ്യക്തി നല്ല മോഡലാണോ തുടങ്ങിയ സന്ദേശങ്ങളും ''ഹഹഹ...''എന്നു തുടങ്ങുന്ന സന്ദേശങ്ങളും ഇങ്ങനെ പരക്കുന്നുണ്ട്.



http://srv057.imageshares.info:88/DisplayPics/user3052/DVTNewPhoto009.JP... എന്ന ലിങ്കാണ് ഇത്തരം സന്ദേശങ്ങളുടെ കൂടെയുള്ളത്. അടുത്ത സുഹൃത്ത് അയച്ചുതന്നതല്ലേ എന്ന് കരുതി ലിങ്കില്‍ ക്ലിക്ക് ചെയ്തവരാണ് ആദ്യം കുടുങ്ങിയത്. എന്നാല്‍, ഇപ്പോള്‍ ലിങ്കില്‍ തൊടാത്തവരെയും ബാധിക്കുന്നു. ഒരു തവണ ലിങ്ക് ലഭിച്ചവര്‍ പിന്നീട് ഗൂഗിള്‍ ടോക്ക് ഓണ്‍ ചെയ്താല്‍ ഇടക്കിടെ അവരുടെ പേരില്‍ മറ്റുള്ളവര്‍ക്ക് വിവിധ വാചകങ്ങളില്‍ സന്ദേശവും ഒപ്പം മേല്‍പറഞ്ഞ ലിങ്കും പോകുന്നുണ്ട്. ഗൂഗിള്‍ ടോക്കിലൂടെ രണ്ടുമൂന്നു ദിവസത്തിനകം ആയിരക്കണക്കിന് സിസ്റ്റങ്ങളെയാണ് ഈ വൈറസ് പിടികൂടിയത്. ഈ വൈറസ് മെയിലിലൂടെയും പ്രചരിക്കുന്നുണ്ട്. വളരെയേറെ മാരകമായ വൈറസ് കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്കിനെ പ്രതികൂലമായി ബാധിക്കും. സാധാരണ ഉപയോഗിക്കുന്ന ആന്റി വൈറസുകള്‍ക്ക് ഈ 'ഇമേജ് ഷെയര്‍' വൈറസിനെ പിടികൂടാന്‍ സാധിക്കാത്തതും പ്രശ്നം കൂടുതല്‍ ഗുരുതരമാക്കുന്നു.



കടപ്പാട്: ഗള്‍ഫ് മാധ്യമം

1 comment: